മലയാള സാഹിത്യത്തിലെ മിസ്റ്റിക് കവി എന്നാണ് ജി. ശങ്കരക്കുറുപ്പ് അറിയപ്പെടുന്നത്. കാലവും പ്രകൃതിയും പ്രപഞ്ചവും എല്ലാം ജിയുടെ കവിതകളിൽ നിറയുന്നു. 1901ൽ എറണാകുളം ജില്ലയിലെ കാലടിയിലാണ് അദ്ദേഹതിന്റെ ജനനം. നന്നായി കവിത വായിച്ചാൽ നല്ല കവി ആകും എന്ന് പറയുന്നത് ജിയുടെ കാര്യത്തിൽ കൃത്യമാണ്. വള്ളത്തോളിനേയും ഉള്ളൂരിനേയും ഒക്കെ വായിച്ചിരുന്ന ബാല്യകാലമായിരുന്നു അദ്ദേഹത്തിന്റേത്. 1965ൽ അദ്ദേഹത്തിന്റെ ഓടക്കുഴൽ എന്ന കാവ്യസമാഹാരത്തിലൂടെ ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം മലയാളത്തിനു ലഭിച്ചു. മികച്ച ഉപന്യാസകാരനുമായിരുന്നു ജി. സാഹിത്യ കൗതുകം , സൂര്യകാന്തി, ഇതളുകൾ, നവാതിഥി, പൂജാപുഷ്പം, സന്ധ്യാരാഗം, വിശ്വദർശനം, നിമിഷം, പഥികന്റെ പാട്ട് തുടങ്ങിയവയാണു പ്രധാന കൃതികൾ. ജിയുടെ ആത്മകഥയാണ് ഓര്‍മയുടെ ഓളങ്ങളില്‍. 1978ൽ അദ്ദേഹം അന്തരിച്ചു.
എസ്.കെ.പൊറ്റക്കാട്
മലയാളത്തിൽ സഞ്ചാര സാഹിത്യത്തെ വളർത്തിയെടുത്ത സാഹിത്യകാരനാണ് എസ്. കെ. പൊറ്റക്കാട്. സാധാരക്കാർ ഭൂപടത്തിൽ മാത്രം ലോകം കണ്ടിരുന്ന കാലത്ത് കാഴ്ചയുടെ കാണാപ്പുറം തേടി കപ്പലിൽ ലോകസഞ്ചാരത്തിനിറങ്ങിയ സാഹസികനാണ് അദ്ദേഹം. താൻ കണ്ട കാഴ്ചകൾ അതിമനോഹരമായി അക്ഷരങ്ങളിലേക്കു പകർത്തിയപ്പോൾ അത് വായനക്കാർക്ക് മികച്ച യാത്രാനുഭങ്ങളായി.
1913ൽ കോഴിക്കോടാണ് പൊറ്റക്കാട് ജനിച്ചത്. അദ്ദേഹത്തിന്റെ ഒരു ദേശത്തിന്റെ കഥ എന്ന നോവലിനാണ് 1980 ല്‍ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്. തന്റെ ബാല്യം ചെലവഴിച്ച അതിരണിപ്പാടത്തിന്റെ കഥയാണിത്. ശ്രീധരൻ എന്ന കേന്ദ്ര കഥാപാത്രം വളരുന്നതിനൊപ്പം അയാൾ പരിചയപ്പെടുന്ന വിവിധ രാജ്യങ്ങളും ദേശങ്ങളും എല്ലാ നോവലിൽ ഹൃദ്യമായി വിവരിച്ചിട്ടുണ്ട്.
നൈൽഡയറി, യൂറോപ്പിലൂടെ, പാതിരാസൂര്യന്റെ നാട്ടിൽ, ബാലിദ്വീപ്, ലണ്ടൻ നോട്ട് ബുക്ക്, സഞ്ചാരസാഹിത്യം, സിംഹഭൂമി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ യാത്രവിവരങ്ങൾ. ഇതു കൂടാതെ ഒട്ടേറെ നോവൽ,നാടകം, ചെറുകഥ, കവിത തുടങ്ങിയവയും രചിച്ചിട്ടുണ്ട്. 1982ൽ അന്തരിച്ചു.
തകഴി ശിവശങ്കരപ്പിള്ള
കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. 1912ൽ ആലപ്പുഴ ജില്ലയിലെ തകഴിയില്‍ ആണ് അദ്ദേഹം ജനിച്ചത്. 13ാം വയസ്സില്‍ ആദ്യകഥ എഴുതിയ തകഴി അറുന്നൂറോളം ചെറുകഥകൾ എഴുതിയിട്ടുണ്ട്. തകഴിയിലെയും കുട്ടനാട്ടിലെയും സാധാരക്കാരുടെ ഭാഷയായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിൽ നിറഞ്ഞത്. തകഴിയുടെ വെള്ളപൊക്കത്തിൽ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നാണ്.
1984 ൽ കയർ എന്ന നോവലിനാണ് തകഴിക്ക് ജ്ഞാനപീഠം ലഭിച്ചത്. ഇരുന്നൂറ്റിയമ്പതു വര്‍ഷത്തെ കുട്ടനാടിന്റെ ചരിത്രമാണ് ഈ നോവലിന്റെ പശ്ചാത്തലം. ചെമ്മീന്‍, തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, ഏണിപ്പടികള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, കയര്‍ തുടങ്ങി 39 നോവലുകളും അദ്ദേഹം എഴുതിയിട്ടുണ്ട്. 1999ൽ തകഴി അന്തരിച്ചു.
എം.ടി.വാസുദേവൻ നായർ
സാഹിത്യം, തിരക്കഥ, സംവിധാനം തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കിയ അതുല്യ പ്രതിഭയാണ് എംടി വാസുദേവൻ നായർ. നിളയുടെ കഥാകാരൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. മലയാളത്തെ വായിക്കാൻ പഠിപ്പിച്ച വ്യക്തിയാണ് എംടി. ഭാഷയുടെ സൌന്ദര്യവും ആശയത്തിന്റെ പൂർണതയും അറിയപ്പെടണമെങ്കിൽ എംടി കൃതികൾ വായിച്ചാൽ മതി. യാഥാസ്ഥിതിക, നായർ തറവാട്, മരുമക്കത്തായം, ജൻമി വ്യവസ്ഥിതി തുടങ്ങി കേരളത്തിലെ സാമൂഹിക വ്യവസ്ഥിതിയെല്ലാം എംടി കൃതികൾ കാണാം. രണ്ടാമൂഴത്തിലെ ഭീമൻ, മഞ്ഞിലെ വിമല, കാലത്തിലെ സേതു എന്നിങ്ങനെ ഒട്ടേറെ കഥാപാത്രങ്ങളെയാണ് എംടി അനശ്വരമാക്കിയത്.
1933ൽ പാലക്കാട് ജില്ലയിലെ കൂടല്ലൂരിലാണ് എം.ടി ജനിച്ചത്. ചെറുപ്പം മുതൽ നന്നായി വായിച്ചിരുന്നു എംടി. കവിതകളായിരുന്നു ആദ്യ കാലത്ത് കൂടുതൽ വായിച്ചിരുന്നത്. കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ, ത്രീ മസ്‌കിറ്റിയേര്‍സ് തുടങ്ങിയ ഫ്രഞ്ച് എഴുത്തുകാരനായ അലക്സാണ്ടർ ദുമാസിന്റെ കൃതികൾ വായിച്ചാണ് ഫിക്ഷന്റെ ലോകത്തേക്കു കടക്കുന്നത്. കോളജിൽ എത്തിയതോടെ ലോകസാഹിത്യം പരക്കെ വായിക്കാൻ തുടങ്ങി.
മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, അറബിപ്പൊന്ന്, രണ്ടാമൂഴം, വാരാണസി, ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി എന്നിവയാണ് പ്രധാന കൃതികൾ. ഒട്ടേറെ ചെറുകഥകളും തിരക്കഥകളും എഴുതിയിട്ടുണ്ട് എംടി. 1995ൽ ജ്ഞാനപീഠം ലഭിച്ചു.

ഒ.എൻ.വി.കുറുപ്പ്
‘ഒരു ദിവസം ഭൂമിയെന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോൾ എന്റെ ഏറ്റവും ചൈതന്യവത്തായൊരംശം ഞാൻ ഇവിടെ ഉപേക്ഷിച്ചു പോകും, അതാണെന്റെ കവിത’ ജ്ഞാനപീഠം പുരസ്കാരം (2007) ഏറ്റുവാങ്ങിക്കൊണ്ട് ഒഎൻ വി കുറുപ്പ് പറഞ്ഞ വാക്കുകളാണ് ഇത്. മലയാളത്തിന്റെ കാവ്യസൂര്യനാണ് ഒഎൻ വി കുറുപ്പ്. പ്രകൃതിയോടും മനുഷ്യനോടും ഒരു പോലെ സ്നേഹം നിറയുന്നുണ്ട് ആ കവിതകളിൽ. അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ കവിതയാണ് ഭൂമിക്കൊരു ചരമഗീതം. ഭൂമിയോട് ഇണങ്ങി ജീവിച്ചില്ലെങ്ങിൽ നാം നേരിടാൻ പോകുന്ന ദുരന്തങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പാണ് ഈ കവിത. ഉജ്ജയിനി, ദാഹിക്കുന്ന പാനപാത്രം, കറുത്ത പക്ഷിയുടെ പാട്ട്, ഉപ്പ്, അപരാഹ്നം, ഭൂമിക്കൊരു ചരമഗീതം എന്നിങ്ങനെ 40ലേറെ കവിതാസമാഹാരങ്ങള്‍ ആദ്ദേഹത്തെ എഴുതിയിട്ടുണ്ട്. മലയാളി മൂളിനടക്കുന്ന ഒട്ടേറെ സിനിമാ ഗാനങ്ങളുടെ വരികൾ കുറിച്ചതും അദ്ദേഹംതന്നെ.. 1931 ൽ കൊല്ലം ജില്ലയിലെ ചവറയിലാണ് ജനിച്ചത്. 2016ൽ അന്തരിച്ചു.
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി
വെളിച്ചം ദുഖമാണുണ്ണി തമസല്ലോ സുഖപ്രദം എന്ന പ്രസിദ്ധമായ വരി കൂട്ടുകാർ കേട്ടിട്ടില്ലേ. മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടേതാണ് ഈ വരികൾ. ലാളിത്യമാണ് അക്കിത്തം കവികളുടെ മുഖമുദ്ര. മാനുഷിക ബന്ധങ്ങളും പ്രകൃതിയും അദ്ദേഹത്തിന്റെ കൃതികളിലെ വിഷയങ്ങളാണ്. എല്ലാ ജീവജാലങ്ങളോടും സ്നേഹവും കരുണയും ഉണ്ടാവണമെന്നു മാത്രമാണ് കവിതകളിലൂടെ പറയാന്‍ ശ്രമിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.
1926ൽ പാലക്കാട് ജില്ലയിലെ കുമാരനല്ലൂരാണ് അക്കിത്തം ജനിച്ചത്. ഋഗ്വേദവും കാൾ മാക്സിന്റെ കൃതികളും ഇംഎസിന്റെ ലേഖനങ്ങളും എല്ലാം അദ്ദേഹം ചെറുപ്രായത്തിൽ തന്നെ വായിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ കവിതകൾ എഴുതി തുടങ്ങി.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, മനസ്സാക്ഷിയുടെ പൂക്കൾ, നിമിഷ ക്ഷേത്രം, പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം എന്നിവയാണ് പ്രധാനകൃതികൾ. കവിതയ്ക്കു പുറമെ ചെറുകഥ, നാടകം, വിവർത്തനം, ലേഖനങ്ങൾ എന്നിവയെല്ലാം അദ്ദേഹം എഴുതിയിട്ടുണ്ട്. സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് 2019ൽ അദ്ദേഹത്തിനു ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.