ഇന്ത്യൻ ഭൂമിശാസ്ത്രം
■ പൂര്‍ണമായും ഭൂമിയുടെ ഉത്തരാര്‍ധ ഗോളത്തിലാണ് ഇന്ത്യ സ്ഥിതിചെയ്യുന്നത്. ഉത്തര അക്ഷാംശം 8ഡിഗ്രി 4 മിനുട്ടിനും 37 ഡിഗ്രി 6 മിനുട്ടിനും, പൂര്‍വരേഖാംശം 68 ഡിഗ്രി 7 മിനുട്ടിനും 97 ഡിഗ്രി 25 മിനുട്ടിനും മധ്യേയാണ് ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ സ്ഥാനം.
■ ഇന്ത്യയുടെ ഭൂവിസ്തൃതി 32,87,263 ചതുരശ്ര കിലോമീറ്റര്‍.
■ ലോക ഭൂവിസ്തൃതിയുടെ 2.42 ശതമാനമാണ് ഇന്ത്യ. ലോകരാഷ്ട്രങ്ങൾക്കിടയില്‍ വലുപ്പത്തില്‍ ഇന്ത്യയ്ക്ക് 7-ാം സ്ഥാനം.
■ ലോകജനസംഖ്യയുടെ 16 ശതമാനത്തിലധികം ഇന്ത്യയിലാണ്. ജനസംഖ്യയില്‍ ഇന്ത്യക്ക് ലോകത്ത് രണ്ടാം സ്ഥാനം (ചൈന ഒന്നാമത്).
■ ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്ര രേഖയാണ് ഉത്തരായന രേഖ (Tropic of Cancer).
■ ഇന്ത്യയിലെ എട്ടു സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖകടന്നുപോകുന്നു - ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, പശ്ചിമബംഗാൾ, ത്രിപുര, മിസോറം എന്നിവയിലൂടെ.
■ ഇന്ത്യയുടെ പ്രാമാണിക സമയരേഖ കടന്നുപോകുന്നത് ഉത്തര്‍പ്രദേശിലെ അലഹബാദിനുസമീപത്തു കൂടിയാണ് 82.6 ഡിഗ്രി കിഴക്കന്‍ രേഖാംശമാണിത്. ഗ്രീന്‍വിച്ച് സമയത്തെക്കാൾ 5.30 മണിക്കൂര്‍ മുന്നിലാണ് ഇന്ത്യന്‍ സമയം.
■ ഏറ്റവും വലിയ സംസ്ഥാനം രാജസ്ഥാന്‍. ചെറുത് ഗോവ. ജനസംഖ്യകൂടിയത് ഉത്തര്‍പ്രദേശ്. കുറഞ്ഞ സംസ്ഥാനം സിക്കിം.
■ ഇന്ത്യന്‍ ജനസംഖ്യ 100 കോടി തികഞ്ഞത് 2000 മെയ് 11നാണ്. ന്യൂഡല്‍ഹിയിലെ സഫ്താര്‍ജംഗ് ആസ്പത്രിയില്‍ പിറന്ന കുഞ്ഞിന് 'ആസ്ത' എന്നാണ് നാമകരണം ചെയ്തത്.
■ ചതുരശ്ര കിലോമീറ്ററിന് 382 ആണ് ഇന്ത്യയിലെ ജനസാന്ദ്രത. പശ്ചിമ ബംഗാളാണ് ജനസാന്ദ്രതയില്‍ ഒന്നാമത്. ബിഹാറിനും, കേരളത്തിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.
■ 943:1000 ആണ് ഇന്ത്യയിലെ സ്ത്രിപുരുഷ അനുപാതം. സ്ത്രിപുരുഷാനുപാതത്തില്‍ കേരളം ഒന്നാമതും ഹരിയാണ ഏറ്റവും പിന്നിലുമാണ്.
■ ഇന്ത്യയിലെ സാക്ഷരതാ നിരക്ക് 73 ശതമാനം
ഇന്ത്യ കാലാവസ്ഥ
ഇന്ത്യയില്‍ മൊത്തത്തിലായി അനുഭവപ്പെടുന്ന കാലാവസ്ഥയെ ഉഷ്ണമേഖലാ മണ്‍സൂണ്‍ കാലാവസ്ഥ എന്നാണ് പറയാറുള്ളത്. ഇന്ത്യയില്‍ പ്രധാനമായും അനുഭവപ്പെടുന്ന നാലു ഋതുക്കൾ ഇനിപ്പറയുന്നു.
ഡിസംബര്‍ മുതല്‍ ഫിബ്രവരി വരെയുള്ള ശൈത്യകാലം, മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള ഉഷ്ണകാലം, ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, ഒക്ടോബർ-നവംബറിലെ വടക്കുകിക്കെ മണ്‍സുണ്‍ കാലം.
മാംഗോ ഷവര്‍
ഏപ്രില്‍ മാസത്തിന്റെ പകുതിയോടെ കര്‍ണാടകത്തിലും കൊങ്കണ്‍ തീരപ്രദേശങ്ങളിലും ലഭിക്കുന്ന മഴയാണ് 'മാംഗോ ഷവര്‍'. മാങ്ങകൾ പാകമാവാന്‍ സഹായിക്കുന്നതിനാലാണ് ഇത്തരമൊരു പേര് ഈ മഴയ്ക്ക്.
ഉഷ്ണകാലത്ത് പഞ്ചാബ്, രാജസ്ഥാന്‍,ഹരിയാണ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ വീശിയടിക്കുന്ന വരണ്ട ഉഷ്‌ണക്കാറ്റാണ് ലൂ.
വേനല്‍ക്കാലത്ത് അസം, ബിഹാര്‍, ബംഗാൾ മേഖലകളിലുണ്ടാവുന്ന ഇടിമിന്നലോടു കൂടിയ പേമാരിയാണ് കാൽബൈശാഖി അഥവാ, നോര്‍വെസ്റ്റര്‍.
ഇന്ത്യയിലെ മണ്ണിനങ്ങൾ
ഇന്ത്യയിലെ മണ്ണിനങ്ങളെ പൊതുവെ ഏഴായിതിരിക്കാറുണ്ട്. മണ്ണിന്റെ നിറം, ഘടന എന്നിവയുടെ അടിസ്ഥാനത്തിലാണിത്.
എക്കല്‍ മണ്ണ് (Alluvial Soil): രാജ്യത്തിന്റെ ഭൂവിസ്ത്യതിയുടെ 24 ശതമാനത്തോളം എക്കല്‍ മണ്ണാണ്. ഫലപുഷ്ടി കൂടിയ എക്കല്‍ മണ്ണ് നദീതടങ്ങളിലും തീരപ്രദേശങ്ങളിലുമാണ് പ്രധാനമായും കാണപ്പെടുന്നത്. കൃഷിക്ക് വളരെയേറെ അനുയോജ്യമാണ് എക്കല്‍ മണ്ണ്.
കരിമണ്ണ് (Black Soil): ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ടാമത്തെ മണ്ണിനമാണിത്. പരുത്തി കൃഷിക്ക് വളരെയേറെ അനുയോജ്യമായതിനാല്‍ “കറുത്ത പരുത്തി മണ്ണ്" എന്നും വിളിക്കാറുണ്ട്. 'ചെര്‍ണോസെം' എന്നും അറിയപ്പെടുന്ന കരിമണ്ണ് “റിഗര്‍ മണ്ണ്" എന്നും അറിയപ്പെടാറുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്. ആന്ധ്രാ പ്രദേശ്, കര്‍ണാടകം, തമിഴ്നാടിന്റെ ചില ഭാഗങ്ങൾ എന്നിവയുൾക്കൊള്ളുന്ന ഡക്കാന്‍ പീഠഭുമിയുടെ ഭാഗങ്ങളിലാണ് കരിമണ്ണ് വ്യാപകമായി കണ്ടുവരുന്നത്.
ചെമ്മണ്ണ് (Red Soil): ഇന്ത്യയിലെ മൂന്നാമത്തെ പ്രധാന മണ്ണിനമാണിത്. ഇരുമ്പിന്റെ ഓക്സൈഡിന്റെ സാന്നിധ്യമാണ് മണ്ണിന് ചെമന്ന നിറം നല്‍കുന്നത്. മധ്യപ്രദേശിന്റെ കിഴക്കുഭാഗങ്ങൾ, ഒറീസ, പശ്ചിമബംഗാൾ, ഉത്തര്‍പ്രദേശ്; തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ ഈ മണ്ണ് വ്യാപകമായി കാണപ്പെടുന്നു.
.
ലാറ്ററൈറ്റ് മണ്ണ് (Laterite Soil): മണ്‍സൂണ്‍ കാലാവസ്ഥയിലൂടെയാണ് പ്രധാനമായും ലാറ്ററൈറ്റ് മണ്ണ് രൂപം കൊള്ളുന്നത്. കേരളം, കര്‍ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒറീസ, ആസം എന്നിവിടങ്ങളില്‍ ലാറ്ററൈറ്റ് മണ്ണ് കാണപ്പെടുന്നു.
പീറ്റ് മണ്ണ്: ചതുപ്പുകൾപോലെ നനവുള്ള പ്രദേശങ്ങളില്‍ ജൈവവസ്തുക്കൾ വീണുണ്ടാവുന്ന മണ്ണാണിത്. കണ്ടല്‍ വനങ്ങളുടെ വളര്‍ച്ചയ്ക്ക് ഉത്തമമായ മണ്ണിനമാണിത്. കേരളം, ഒറീസ, തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍
ഈ മണ്ണിനം കാണപ്പെടുന്നു.
പര്‍വത മണ്ണ്: നിബിഡവനങ്ങളുടെ വളർച്ചക്ക് സഹായകരമായ ജൈവസമൃദ്ധമായ മണ്ണിനം. തേയിലകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണാണിത്. ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങൾ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ആസം, തമിഴ്‌നാട്, കര്‍ണാടകം, കേരളം എന്നിവിടങ്ങളില്‍ പര്‍വതമണ്ണ് കാണപ്പെടുന്നു.
മരൂഭൂമിയിലെ മണ്ണ്: ഇന്ത്യയുടെ വടക്കു-പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് ഈ മണ്ണ് പൊതുവെ കാണപ്പെടുന്നത്. ജലാംശം തീരെയില്ലാത്ത മണ്ണാണിത്. കൂടാതെ ജൈവവസ്തുക്കളുമുണ്ടാവില്ല. രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലാണ് ഇത്തരം മണ്ണിനം കാണപ്പെടുന്നത്.
വനങ്ങൾ
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വനമുള്ള പത്താമത്തെ രാജ്യമാണ് ഇന്ത്യ. ലോകത്തുള്ള ആകെ വനങ്ങളുടെ 1.7 ശതമാനത്തോളം ഇന്ത്യയിലാണ്.രാജ്യത്തിന്റെ ആകെ വിസ്ത്യതിയുടെ 20.60 ശതമാനം വനമാണ്.
വനം ഒറ്റനോട്ടത്തില്‍
■ ഇന്ത്യയുടെ വനവിസ്തൃതി - 67.7 ദശലക്ഷം ഹെക്ടര്‍
■ ആകെവിസ്തൃതിയില്‍ വനത്തിന്റെ ശതമാനം - 20.60
■ ലോകവനവിസ്തൃതിയില്‍ ഇന്ത്യയുടെ സ്ഥാനം -10
■ വനഭൂമി ഏറ്റവും കൂടുതലുള്ള സംസ്ഥാനം - മധ്യപ്രദേശ്
■ ഭൂവിസ്തൃതിയുടെ ശതമാനാടിസ്ഥാനത്തില്‍ വനം കൂടുതലുള്ള സംസ്ഥാനം - മിസോറാം
■ കൂടുതല്‍ കണ്ടല്‍വനങ്ങളുള്ള സംസ്ഥാനം.- പശ്ചിമബംഗാൾ
■ വനഭൂമി ഏറ്റവും കുറവുള്ള സംസ്ഥാനം - പഞ്ചാബ്
■ വനം കൂടുതലുള്ള കേന്ദ്രഭരണപ്രദേശം - ആന്‍ഡമാന്‍ നിക്കോബാര്‍
■ ഏറ്റവും വലിയ വന്യജീവിസങ്കേതം - ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് വന്യജീവിസങ്കേതം
■ ആദ്യത്തെ ബയോസ്ഫിയർ റിസര്‍വ് - നീലഗിരി
■ ഏറ്റവും വലിയ കടുവസങ്കേതം - നാഗാര്‍ജുനസാഗര്‍
■ ഏറ്റവും കൂടുതല്‍ ആനകളുള്ള സംസ്ഥാനം - കര്‍ണാടകം
കണ്ടല്‍വനങ്ങള്‍
പശ്ചിമബംഗാളിലെ 24 പര്‍ഗാന സൌത്ത് ജില്ല കണ്ടല്‍ക്കാടുകൾക്കു പ്രസിദ്ധമാണ്. ഇന്ത്യയിലെ കണ്ടല്‍ വനങ്ങളില്‍ ഏതാണ്ട് പകുതിയോളം ഇവിടെയാണ്. ലോകത്തിലെ ആകെ കണ്ടല്‍ വനങ്ങളുടെ അഞ്ച് ശതമാനത്തോളം ഇന്ത്യയിലാണ്. പശ്ചിമബംഗാളാണ് കണ്ടല്‍വനങ്ങൾ കൂടുതലുള്ള സംസ്ഥാനം. ഗുജറാത്ത് രണ്ടാംസ്ഥാനത്താണ്.
പര്‍വതങ്ങൾ
ഹിമാലയം, പശ്ചിമഘട്ടം, ആരവല്ലി, വിന്ധ്യ- സത്‌പുര, പൂര്‍വഘട്ടം എന്നിവയാണ് ഇന്ത്യയിലെ പ്രധാന പര്‍വത നിരകൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതനിരയായ ഹിമാലയം, ഇന്ത്യയ്ക്കു പുറമെ ചൈന, ഭൂട്ടാൻ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നെ രാജ്യങ്ങളിലായാണ് പരന്നുകിടക്കുന്നത്. ഏതാണ്ട് 2400 കിലോമീറ്ററാണ് ഹിമാലയൻ നിരയുടെ നീളം. കാശ്മീർ ഭാഗത്തു ശരാശരി 400 കിലോമീറ്റർ വീതമുള്ള ഹിമാലയത്തിന്, അരുണാചൽ പ്രദേശിലെ വീതി 150 കിലോമീറ്ററോളമാണ്.
ഇന്ത്യയിലെ ഉയരം കുടിയ കൊടുമുടി
ഭാരതസര്കാരിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഗോഡ്‌വിൻ ആസ്റ്റിൻ അഥവാ മൗണ്ട് കെ - 2 ആണ്. കാരക്കോറം പർവതനിരയിലുള്ള ഈ കൊടുമുടി, ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയാണ്. നിലവിൽ പാകിസ്താൻ അധിനിവേശ കശ്മീരിലാണ് സ്ഥിതിചെയുന്നത്. 8,611 മീറ്ററാണ് ഉയരം. “ക്വോഗിര്‍, ചൊഗോറി, ലാംബാ പഹാര്‍, ദാപ്സാങ് എന്നീ പേരുകളിലും തദ്ദേശീയമായി കൊടുമുടി അറിയപ്പെടുന്നു.
എവറസ്റ്റ്
നേപ്പാളിൽ “സഗര്‍മാത" എന്നും ടിബറ്റില്‍ 'ചോമോലുങ്മ' എന്നുമറിയപ്പെടുന്ന എവറസ്റ്റ് കൊടുമുടി നേപ്പാളിലാണ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റിന്റെ ഉയരം 8,848 മീറ്ററാണ് (29,029 അടി). തുടക്കത്തില്‍, 'പീക്ക് XV' എന്നാണ് എവറസ്റ്റ് കൊടുമുടിക്കു നല്‍കിയിരുന്ന പേര്. 1862-ല്‍ ബംഗാളില്‍നിന്നുള്ള സര്‍വേയറായ രാധാനാഥ് സിക്ദറാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി 'പീക്ക്-XV' ആണെന്ന് തിരിച്ചറിഞ്ഞത്. 1865-ല്‍ ഇന്ത്യയിലെ സര്‍വേയര്‍ ജനറലായിരുന്ന ആന്‍ഡ്രൂ വോയാണ് കൊടുമുടിക്ക് 'എവറസ്റ്റ്' എന്ന പേരുനല്‍കിയത്. ദീര്‍ഘകാലം ഇന്ത്യയില്‍ സര്‍വേയര്‍ ജനറലായിരുന്ന സര്‍ ജോര്‍ജ് എവറസ്റ്റിന്റെ സ്മരണാര്‍ഥമാണ് കൊടുമുടിക്ക് ആ പേരുനല്‍കിയത്.
ഇന്ത്യയുടെ അതിരുകൾ
■ ഏഴുരാജ്യങ്ങളുമായാണ് ഇന്ത്യകരാതിര്‍ത്തി പങ്കിടുന്നത്; ബംഗ്ലാദേശ്, ചൈന, പാകിസ്കാന്‍, നേപ്പാൾ, മ്യാന്‍മര്‍, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍ എന്നിവ. ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ചൈനയും ഏറ്റവും ചെറുത് ഭൂട്ടാനുമാണ്.
■ ബംഗ്ലാദേശുമായാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്നത് (4096.7 കി.മീ.). ചൈന (3488 കി.മീ), പാകിസ്താൻ (3323 കി.മീ.) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഇന്ത്യയുമായി ഏറ്റവും കുറച്ച് അതിര്‍ത്തിയുള്ള രാജ്യം അഫ്ഗാനിസ്താന്‍ (106 കി.മീ.).
■ 15,106.7 കിലോമീറ്ററാണ് ഇന്ത്യയുടെ കരാതിര്‍ത്തിയുടെ ആകെ ദൈര്‍ഘ്യം.
■ ഇന്ത്യയെയും പാകിസ്താനെയും വേർതിരിക്കുന്ന അതിര്‍ത്തിരേഖ റാഡ്ക്ലിഫ് രേഖ. മക്മഹോന്‍രേഖ ഇന്ത്യയെയും ചൈനയെയും വേര്‍തിരിക്കുന്നു. ഡ്യൂറന്‍റ് രേഖ പാകിസ്താനെയും അഫ്ഗാനിസ്താനെയും വേര്‍തിരിക്കുന്നു.
■ ഇന്ത്യയെയും ശ്രീലങ്കയെയും വേര്‍തിരിക്കുന്നത് പാക് കടലിടുക്കാണ്.
■ ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം ജമ്മുകശ്മീര്‍.
■ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തിയുള്ളത് ഉത്തര്‍പ്രദേശ് (എട്ടു സംസ്ഥാനങ്ങൾ.
■ ഒരു സംസ്ഥാനവുമായി മാത്രം അതിര്‍ത്തിയുള്ള സംസ്ഥാനങ്ങളാണ് സിക്കിം (പശ്ചിമ ബംഗാളുമായി), മേഘാലയ (അസമുമായി) എന്നിവ.
■ കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തിയുള്ള കേരളത്തിലെ ഏക ജില്ല വയനാട്. ഈ രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തിയുള്ള കേരളത്തിലെ ഏക താലൂക്കാണ് സുല്‍ത്താന്‍ ബത്തേരി.
■ കടല്‍ത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തിയില്ലാത്തതുമായ കേരളത്തിലെ ഏക ജില്ല കോട്ടയം.
■ മൂന്നു സംസ്ഥാനങ്ങൾക്കുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശമാണ് പുതുച്ചേരി.
പീഠഭുമികൾ
■ ലാവാ ശിലകളാല്‍ നിര്‍മിതമായ മാൾവ പിഠഭൂമിയും ചരല്‍ക്കല്ലുകളാല്‍ നിര്‍മിതമായ വിന്ധ്യാ പീഠഭുമിയും സ്ഥിതിചെയ്യുന്നത് മധ്യേന്ത്യയിലാണ്.
■ വിന്ധ്യന് തെക്കായി സ്ഥിതിചെയ്യുന്ന ഭഗേല്‍ഖണ്ഡ് പീഠഭൂമി ഗ്രാനൈറ്റ് ശിലാപടലങ്ങളാല്‍ നിര്‍മിതമാണ്.
■ ഭഗേല്‍ഖണ്ഡിന് കിഴക്കായി റാഞ്ചി, ഹസാരിബാഗ്, കോദര്‍മ എന്നിവ ചേര്‍ന്നതാണ് ഛോട്ടാനാഗ്പൂര്‍ പീഠഭുമി. ഇന്ത്യയുടെ ധാതുക്കലവറയാണീ പ്രദേശം.
■ ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ പീഠഭൂമി ഡക്കാണ്‍ പീഠഭൂമിയാണ്. ദശലക്ഷക്കണക്കിന് .വര്‍ഷങ്ങൾക്കു മുമ്പേ ഭൂമിയുടെ ഉള്ളറയില്‍നിന്നും ബഹിര്‍ഗമിച്ചെത്തിയ ശിലാദ്രവമായ മാഗ്മ തണുത്തുഞ്ഞുണ്ടായ ഭാഗമാണ് ഡക്കാണ്‍ ട്രാപ് മേഖല.