
കേരളീയ നവോത്ഥാനവും മിഷണറിയും
- സുറിയാനി ക്രിസ്ത്യാനികളിലൂടെ ക്രിസ്തുമതം കേരളത്തിൽ എത്തിയതു പ്രൊട്ടസ്റ്റന്റ് മിഷണറിമാർ കേരളത്തിൽ എത്തുന്നതിനും ഏറെ മുമ്പാണ്.
- അതിനുശേഷം പോർച്ചുഗീസുകാരും കത്തോലിക്കാ ക്രിസ്ത്യാനികളും വന്നു. അതിനും ശേഷമാണു പതിനാറാം നൂറ്റാണ്ടിൽ പ്രൊട്ടസ്റ്റന്റ്
- മിഷനറിമാരുടെ കടന്നുവരവ്. പത്തൊമ്പതാം നൂറ്റാണ്ടു രൂപപ്പെടുത്തിയ പുത്തൻ സാമ്പത്തികക്രമത്തിന്റെ കൂടെ ഭാഗമായിരുന്നു ഈ
- മിഷണറി ആക്റ്റിവിസ്റ്റുകളുടെ കടന്നുവരവ്.
ലണ്ടൻ മിഷണറി സൊസൈറ്റി (എൽ.എം.എസ്), ചർച്ച് മിഷണറി സൊസൈറ്റി (സി.എം.എസ്), ബേസൽ മിഷൻ എന്നീ സംഘടനകൾ സമൂഹത്തിലെ താഴെത്തട്ടിലുള്ള ജാതീയമായി അടിമത്വം അനുഭവിക്കുന്ന ജനതയുടെ ഇടയിലാണു പ്രവർത്തിച്ചത്. ആദ്യം വന്ന സുറിയാനി ക്രിസ്ത്യാനികൾ സവർണ്ണ ജാതീയതയുടെ ഭാഗമായെങ്കിൽ കത്തോലിക്ക ക്രിസ്ത്യാനികൾ മുക്കുവജനതയുടെ ഇടയിലായിരുന്നു.
ജാതിവ്യവസ്ഥയെയും അതിന്റെ ശക്തിയിൽ നിലനിന്നിരുന്ന ആചാരങ്ങളെയും ചോദ്യം ചെയ്യുകയും അപ്രസക്തമാക്കുകയും ചെയ്യുന്ന പുതിയ ചിന്തയ്ക്കും അറിവിനും കൈവന്ന പ്രചാരമാണു കേരളീയ നവോത്ഥാനത്തിന്റെ അടിസ്ഥാനം. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും വ്യക്തിയുടെ അവകാശങ്ങൾക്കും സാമൂഹികമായ നവീകരണത്തിനും വേണ്ടി പോരാടാനും, വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമങ്ങളും വിലക്കുകളും ആചാരങ്ങളും ലംഘിക്കുവാനും ചങ്ങലകൾ പൊട്ടിച്ചെറിയുവാനും സ്വാതന്ത്ര്യബോധം ഉയർത്തിപ്പിടിക്കുവാനും മനുഷ്യനെ പ്രാപ്തനാക്കുവാനുമായുള്ള പോരാട്ടമായിരുന്നു നവോത്ഥാനകാലഘട്ടം മുഴുവൻ. സ്ത്രീകളുടെ മേൽ അടിച്ചേല്പിച്ചിരുന്ന സാമൂഹിക വിലക്കുകളെ മുറിച്ചെറിയുവാനും നവോത്ഥാനം ഊർജ്ജം പകർന്നു.
രാജവാഴ്ചയുടെയും ഫ്യൂഡൽ കൊളോണിയൽ അടിമത്വത്തിന്റെയും കാലഘട്ടത്തിൽ സ്വാതന്ത്ര്യപോരാട്ടങ്ങളിലൂടെ രൂപപ്പെടുന്ന ഇന്ത്യ എന്തായിരിക്കണം എന്നു നിർണ്ണയിക്കുന്നതിൽ നവോത്ഥാന പോരാട്ടത്തിന്റെ പങ്കു വലുതാണ്. ഭരണഘടന വിഭാവനം ചെയ്ത വ്യക്തിസ്വാതന്ത്ര്യവും തുല്യതയും നവോത്ഥാനപോരാളികൾ നൂറ്റാണ്ടു മുമ്പു തന്നെ തുടങ്ങിവച്ച പോരാട്ടത്തിന്റെ വിജയമായിരുന്നു.
തിരുവിതാംകൂറിന്റെ സാമൂഹിക സാമ്പത്തിക രംഗത്തു പത്തൊമ്പതാം നൂറ്റാണ്ടിൽ ഉണ്ടായ പ്രധാന മാറ്റങ്ങളിലൂടെയാണു കേരളീയ നവോത്ഥാനത്തിന്റെ steamroller ഉരുണ്ടത്. ജന്മി-ഫ്യൂഡൽ-രാജവാഴ്ചയുടെ കീഴിലുണ്ടായിരുന്ന കാർഷികവ്യവസ്ഥയിലേക്കുള്ള തോട്ടം മേഖലയുടെ വരവ് പുത്തൻ സാമ്പത്തിക ശക്തികളുടെ കടന്നു വരവിനും സാമ്പത്തിക മേഖലയിലെ പൊളിച്ചെഴുത്തിനുമാണു വഴി തുറന്നത്. വിദേശ മൂലധനത്തിന്റെ കടന്നുവരവ്, വിദേശ സാധനങ്ങളുടെ വിപണന മാർക്കറ്റ്, പുതിയ തുറമുഖങ്ങൾ, കച്ചവട കേന്ദ്രങ്ങൾ, ഒപ്പം വിദേശികളുടെ കടന്നുവരവുമാണു സാമ്പത്തികമേഖലയിൽ മുതലാളിത്ത പൊളിച്ചെഴുത്തിനു തുടക്കം കുറിച്ചത്.
അതിന്റെ ഭാഗമായി ഉണ്ടാകേണ്ടിയിരുന്ന സാമൂഹിക ബന്ധങ്ങളിലെ മാറ്റങ്ങളാണു ജാതിവ്യവസ്ഥയുടെ രൂഢമായ എതിർപ്പിലും ഫ്യൂഡൽ കാലഘട്ടത്തിൽ കേരളത്തിൽ രൂപംകൊണ്ട നവോത്ഥാനം. ലോകത്തിന്റെ പലഭാഗത്തും ഫ്യൂഡൽ വ്യവസ്ഥയെ അട്ടിമറിച്ച, മാർക്സ് വിഭാവനം ചെയ്ത, മുതലാളിത്ത വിപ്ലവം (വ്യക്തിസ്വാതന്ത്ര്യത്തിലേക്കും ലിബറല്‍ ജനാധിപത്യത്തിലേക്കുമുള്ള പാത) തന്നെയാണു പലരീതിയിലും കേരള നവോത്ഥാനത്തിനും അടിത്തറ ഇട്ടത്.
മതയാഥാസ്ഥിതികത്വമാണു (Conservatism) മിഷണറി പ്രവര്‍ത്തനത്തിലേക്കു പലരെയും വഴിതിരിച്ചുവിട്ടത്. 1799 മെയ് 12നു 16 പുരോഹിതരും 9 അല്‍മായരും ചേര്‍ന്നു രൂപീകരിച്ച ഒരു സന്നദ്ധ സംഘടനയാണ് Church Missionary Society (CMS). ഈ സംഘടനയ്ക്കു പേരില്‍ അല്ലാതെ നിലവിലുള്ള ആംഗ്ലിക്കന്‍ ചര്‍ച്ചുമായി ഒരു ബന്ധവും ഇല്ലായിരുന്നു. തോമസ് സ്കൊട്ട്, വില്യം വില്‍ബര്‍ഫൊഴ്സ്, ഹെന്‍റി ബേക്കര്‍, ജോണ്‍ വെന്‍, ചാള്‍സ് സിമെയോണ്‍, ചാള്‍സ് ഗ്രാന്റ് എന്നിവരായിരുന്നു നേതൃത്വം.
ലണ്ടൻ നഗരത്തിലെ അൽഡേസ് ഗെയ്റ്റ് സ്റ്റ്രീറ്റിൽ സി.എം.എസ് മിഷണറി സമൂഹത്തിനു രൂപം കൊടുക്കുമ്പോൾ മൂന്നു പ്രഖ്യാപിത നയങ്ങളായിരുന്നു മിഷണറി സമൂഹത്തിനുണ്ടായിരുന്നത്: അടിമത്വനിരോധനം, ബ്രിട്ടനിൽ സാമൂഹിക പരിഷ്കാരങ്ങൾ, ലോകസുവിശേഷവത്കരണം.
പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടനിൽ ഉണ്ടായ സുവിശേഷ വത്കരണത്തിനുള്ള ഉണർവ്വ് (evangelical revival) കേംബ്രിഡ്ജ്, ഓക്സ്ഫൊർഡ് യൂണിവേഴ്സിറ്റികളിൽ പഠിച്ചിരുന്ന നിരവധി ആളുകളെ മിഷണറി പ്രവർത്തനത്തിലേക്കു നയിച്ചു. മതത്തിലേക്ക് ആളുകളെ കൂട്ടിച്ചേർക്കൽ എന്നതിലുപരി സുവിശേഷകൻ എന്ന പ്രവർത്തിയിലെ ആക്ടിവിസമായിരുന്നു പലരെയും ഈ പാതയിലേക്ക് എത്തിച്ചത്. William Wilberforce നെ പോലുള്ള യാഥാസ്ഥിതികര്‍ മിഷണറി പ്രവര്‍ത്തനത്തിന് ഇറങ്ങി ഒടുവില്‍ അടിമത്വനിരോധനത്തിന്റെ വക്താക്കളായി മാറിയ ചരിത്രം കൂടെയാണു മിഷണറി പ്രവര്‍ത്തനം.
ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു കച്ചവടം നടത്തുവാന്‍ ബ്രിട്ടീഷ് രാജകുടുംബം പതിച്ചുനല്‍കിയ കോളനി ആയിരുന്നു ഇന്ത്യ. അവിടേക്കു മിഷണറിമാര്‍ക്കു പ്രവേശനം നിഷിദ്ധമായിരുന്നു. തങ്ങളുടെ കമ്പനിപ്പള്ളിയുടെ വികാരി അച്ചന്മാര്‍ അല്ലാതെ ആരും ഇന്ത്യയിലേക്കു കടക്കാന്‍ ശ്രമിക്കേണ്ട, എന്നതായിരുന്നു കമ്പനിയുടെ നിലപാട്.
കമ്പനി ഇന്ത്യയിലേക്കു തങ്ങളുടെ കപ്പല്‍ ഓടിക്കുന്നതു പരമാവധി ലാഭം ലക്ഷ്യമാക്കിയാണ്. അതിനിടയ്ക്കു മിഷണറിമാര്‍ വന്നു കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നതു കച്ചവടതാത്പര്യങ്ങള്‍ക്ക് എതിരാവും. മതപ്രചരണം നടത്തിയാല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ തദ്ദേശീയര്‍ക്കിടയില്‍ വികാരം ഉണ്ടാകാനിടയുള്ള സാഹചര്യം ഒഴിവാക്കല്‍ ആയിരുന്നു മറ്റൊരു കാരണം.
ക്രിസ്ത്യാനിക്കു ജാതി വേണോ?
1793ല്‍ വില്യം കെറി എന്ന മിഷണറി ഇന്ത്യയിലേക്കു കപ്പല്‍ കയറി. ഇടയ്ക്കു കപ്പല്‍ വഴിമാറ്റി വിട്ട് Isle of Wightല്‍ നങ്കൂരമിട്ടു. അവിടെ വച്ചു കപ്പിത്താനു കിട്ടിയ നിര്‍ദ്ദേശം മിഷണറിമാരെ യാത്ര ചെയ്യുവാന്‍ അനുവദിക്കുന്നത് അയാള്‍ക്കു കൊടുത്തിരിക്കുന്ന ഓർഡറിനു വിരുദ്ധമാണെന്നായിരുന്നു. വില്യം കെറിയെയും അയാളുടെ ഗര്‍ഭിണിയായ ഭാര്യയെയും കുടുംബത്തെയും കൂട്ടാളികളെയും ആ ദ്വീപില്‍ ഉപേക്ഷിച്ചു കപ്പല്‍ വീണ്ടും ഇന്ത്യയിലേക്കു യാത്ര തുടര്‍ന്നു. ദീര്‍ഘനാള്‍ ആ ദ്വീപില്‍ തങ്ങിയ വില്യം കെറിയും കൂട്ടരും ഒടുവില്‍ ഒരു ഡച്ച് കപ്പിത്താന്റെ ഔദാര്യത്തിലാണ് ഇന്ത്യയില്‍ എത്തുന്നത്.
നിരവധി കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ച വില്യം കെറി ഒരു ഭാഷാപണ്ഡിതന്‍ ആയിരുന്നു. അദ്ദേഹം ഇംഗ്ലണ്ടില്‍ വച്ചു തന്നെ ഗ്രീക്ക്, ലാറ്റിന്‍, ഹീബ്രു, ഡച്ച് ഭാഷകള്‍ പഠിച്ചിരുന്നു. ഇന്ത്യയില്‍ വന്ന വില്യം കെറി ബംഗാളി, ആസാമി, ഒറിയ, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകൾ പഠിച്ചു. രാമായണം ഇംഗ്ലീഷിലേക്കു മൊഴിമാറ്റി.
മതം, രാജഭരണം, പാര്‍ലമെന്ററി ജനാധിപത്യം, ഭൂസ്വത്തവകാശം എന്നിങ്ങനെയുള്ള സ്ഥാപനങ്ങളെ യാഥാസ്ഥിതികത്വം പിന്തുണയ്ക്കുകയും അതൊക്കെ സമൂഹത്തിന്റെ നിലനില്പിന് അനിവാര്യമാണെന്നു വിശ്വസിക്കയും ചെയ്യുന്നു. അതേ സമയം തന്നെ മതനവീകരണവും അടിമത്തത്തില്‍ നിന്നുള്ള വിമോചനവും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുള്ള പോരാട്ടവും യാഥാസ്ഥിതികര്‍ അനുകൂലിക്കയും ചെയ്യുന്നു. ആധുനികതാവാദത്തെ എതിര്‍ക്കയും പാരമ്പര്യത്തിലേക്കും പഴയതിലേക്കും തിരിച്ചുപോകണമെന്നു വാദിക്കയും ചെയ്യുന്ന തീവ്രയാഥാസ്ഥിതികര്‍ പിന്തിരിപ്പന്‍മാർ (reactionaries) എന്നാണു യാഥാസ്ഥിതിക സമൂഹത്തില്‍ അറിയപ്പെടുക.
ജാതി അടിസ്ഥാനമായിട്ടുള്ള ഇന്ത്യന്‍ യാഥാസ്ഥിതികത്വം പിന്തിരിപ്പന്‍ ശക്തിയാണ്. കാരണം മതത്തിലും ജാതിവ്യവസ്ഥയിലും മാറ്റങ്ങള്‍ ഉണ്ടാകുന്നതിനെ ഉള്‍ക്കൊള്ളുവാന്‍ അവര്‍ക്കു കഴിയില്ല. പിന്തിരിപ്പന്‍ ശക്തികള്‍ ആഗ്രഹിക്കുന്നതു പഴയതിലേക്കു തിരികെ പോകണമെന്നാണ്.
1800ല്‍ ആദ്യമായി ഇന്ത്യയില്‍ വില്യം കെറി മതപരിവര്‍ത്തനം നടത്തി. മതപരിവര്‍ത്തനം നടത്തിയവര്‍ അവരുടെ ജാതിയും കൂടെ കൊണ്ടുവരണോ എന്ന കാര്യത്തില്‍ അന്ന് ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍ 1802ല്‍ കൃഷ്ണപാല്‍ എന്ന ശൂദ്രന്റെ മകളെ ഒരു ബ്രാഹ്മണനു വിവാഹം ചെയ്തു കൊടുത്തുകൊണ്ടു വില്യം കെറിയുടെ ചര്‍ച്ച് ജാതിയെ തള്ളിപ്പറഞ്ഞു.
ആധുനിക മിഷണറി പ്രവര്‍ത്തനത്തിന്റെ പിതാവ് എന്നാണു വില്യം കെറി അറിയപ്പെടുന്നത്. സംസ്കൃതം പഠിച്ചു ഹിന്ദുമതപണ്ഡിതന്മാരുമായി ദീര്‍ഘമായി ചര്‍ച്ചകള്‍ നടത്തി, സതിയെപ്പറ്റി മതഗ്രന്ഥങ്ങള്‍ എന്തു പറയുന്നു എന്നു പഠിച്ചാണു വില്യം കെറി സതിക്ക് എതിരെയുള്ള പോരാട്ടം ആരംഭിക്കുന്നത്. ഒരു ക്രൈസ്തവ പുരോഹിതന് ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷയായി കാണുന്ന ഞായറാഴ്ച കുര്‍ബാന ഉപേക്ഷിച്ചു സതി നിരോധിച്ച വിവരം അറിയുവാന്‍ വില്യം കെറി കാത്തിരുന്നു എന്നാണു പറയപ്പെടുന്നത്.
തിരുവിതാംകൂറിലെ മിഷണറി പ്രവർത്തനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം അടിമത്തം ഡോക്യുമെന്റു ചെയ്തു എന്നതാണ്. ജന്മിക്കു തന്റെ ഭൂസ്വത്തിനൊപ്പം വിൽക്കാനും വാങ്ങാനും, വിൽക്കാൻ കഴിയില്ലെങ്കിൽ കൊന്നുകളയാനും അവകാശമുള്ള അടിമകളെ എൽ.എം.എസ്, സി.എം.എസ് മിഷണറിമാർ നിലവിലുള്ള സാമൂഹികവ്യവസ്ഥിതിയിലെ മറ്റു വിഭാഗങ്ങളിൽനിന്ന് വേർതിരിച്ച് മറ്റൊരു വർഗ്ഗമായി കാണുവാൻ തയ്യാറായി. മിഷണറിമാർ അടിമത്തത്തിനു രേഖാപരമായ തെളിവുകളുണ്ടാക്കി.
മൺറോ തുരുത്തിലെ അടിമവിമോചനം
ഭൂജന്മിമാരിൽ നിന്നും അടിമജാതിയിൽ പെട്ടവരെ വാങ്ങി സ്വതന്ത്രരാക്കുവാനുള്ള ചിലശ്രമങ്ങൾ മിഷണറിമാർ നടത്തിയിരുന്നു. അടിമത്തത്തിനെതിരായുള്ള ഇത്തരം മിഷണറി പ്രവർത്തനങ്ങളുടെയും കോളനിവാഴ്ച കൊണ്ടുവന്ന ആധുനികതയുടെയും ഫലമായി അടിമജാതിയിൽ പെട്ടവർക്കും തങ്ങളുടെ ദുരിതപൂർണ്ണമായ അടിമജീവിതത്തെപ്പറ്റി ഒരു അറിവ് ഉയർന്നുവന്നിരുന്നു.
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിനും ഒരു നൂറ്റാണ്ടു മുമ്പ് 1847ല്‍ മിഷണറിമാര്‍ തിരുവിതാംകൂര്‍ ഭരണകൂടത്തിന് അടിമത്തം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു നിവേദനം നല്‍കി. ഈസ്റ്റ് ഇന്ത്യാ കമ്പനി അധികാരികളിൽ ഈ നിവേദനത്തിന്മേൽ നടപടി ആവശ്യപ്പെട്ടു മിഷണറിമാര്‍ സമ്മർദ്ദം ചെലുത്തി.
1840കളില്‍ റവ.ഹെൻറി ബേക്കര്‍ ഒരു അടിമയെ സ്വതന്ത്രനാക്കിയപ്പോള്‍ അയാള്‍ തന്റെ പ്രാണപ്രിയയെ വാങ്ങുവാന്‍ കാശ് ആവശ്യപ്പെട്ടു. ഹെന്‍റി ബേക്കര്‍ നല്‍കിയ 7രൂപ കൊണ്ട് ആ പെണ്‍കുട്ടിയെയും അവളുടെ സഹോദരനെയും അയാള്‍ വാങ്ങി എന്നാണു പറയുന്നത്.
കൊളോണിയൽ കാലഘട്ടത്തിനു മുമ്പു കേരളത്തിലെ പറയ, പുലയ ജാതിക്കാർ സവർണ്ണ ജന്മിമാരുടെ അടിമകളായിരുന്നു. അവർ അറിയപ്പെട്ടിരുന്നത് അടിമജാതികൾ എന്നായിരുന്നു.
1855ല്‍ അടിമത്തം അവസാനിപ്പിക്കുന്നതു മിഷനറിമാര്‍ നടത്തിയ കഠിനമായ ശ്രമങ്ങളുടെ ഫലമായിക്കൂടിയാണ്. നിയമപ്രകാരം അങ്ങനെ അടിമത്തം അവസാനിച്ചു എങ്കിലും സ്വാതന്ത്ര്യം കടലാസില്‍ മാത്രമായി ഒതുങ്ങി. പക്ഷെ രണ്ടാംഘട്ട സാമൂഹിക നവീകരണ പ്രസ്ഥാനങ്ങള്‍ക്ക് ഇത് തുടക്കം കുറിച്ചു.
മിഷണറിമാര്‍ നടത്തിയ അടിമത്വവിമോചനപ്രവര്‍ത്തനങ്ങളെപ്പറ്റി വായിച്ചിട്ടുള്ളതില്‍ എറ്റവും രസകരമായ ഒരു ഏട് മണ്‍റോ തുരുത്തുമായി ബന്ധപ്പെട്ടുള്ളതാണ്. 1819 ല്‍ മണ്‍റോതുരുത്ത് സി.എം.എസ് മിഷണറിമാര്‍ക്കു നല്‍കുമ്പോൾ അവിടെ ഉണ്ടായിരുന്ന 100 അടിമകളെയും കൂടെയാണ് അവര്‍ക്കു നല്‍കിയത്. അങ്ങനെ അടിമത്തവിമോചനത്തിനു പ്രവര്‍ത്തിച്ച മിഷണറിമാരും അടിമകളുടെ ഉടമകളായി മാറി.
വില്യംവില്‍ബര്‍ഫോഴ്സിനെപ്പോലെ അടിമത്ത വിമോചനത്തിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ നേതൃത്വം നല്‍കുന്ന മിഷണറി പ്രസ്ഥാനമാണ് ഇത്തരമൊരു അവസ്ഥയില്‍ എത്തിയത്. അങ്ങനെ ആശയപരമായി തന്നെ തങ്ങള്‍ എതിര്‍ക്കുന്ന ഒരു അനീതിക്കു കൂട്ടുനില്‍ക്കുന്നത് അവര്‍ക്കിടയില്‍ വലിയ ചോദ്യങ്ങളാണുയര്‍ത്തിയത്. തുടര്‍ന്നു മണ്‍റോതുരുത്തിലെ അടിമകളെ സ്വതന്ത്രരാക്കുവാന്‍ മിഷണറിമാര്‍ തീരുമാനിച്ചു.
പക്ഷെ അതു തിരുവിതാംകൂറില്‍ വലിയ കോളിളക്കം സൃഷ്ടിക്കയും മിഷണറിമാര്‍ കടുത്ത പ്രതിരോധത്തില്‍ ആവുകയും ചെയ്തു. നീണ്ട 25 വര്‍ഷം വേണ്ടി വന്നു മിഷണറിമാര്‍ക്കു തങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമകളെ വിമോചിപ്പിക്കുവാന്‍. തിരുവിതാംകൂര്‍ അടിമത്ത നിരോധന നിയമം ഉണ്ടാക്കുന്നതിനും മുമ്പെ 1835ല്‍ തിരുവിതാംകൂറിന്റെ മണ്ണില്‍ അടിമകളെ വിമോചിപ്പിക്കുന്ന പ്രഖ്യാപനം മിഷണറിമാര്‍ നടത്തി. റവ. ജോസഫ് പീറ്റ് എന്ന പട്ടക്കാരന്‍ അടിമകള്‍ക്ക് എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു:
We, the undersigned, acting as trustees of Munro Island, do hereby declare that …”…. Who has hitherto been a slave of the soil, is from this time liberated by us and made a free man, and that his wife and offspring are wholly and forever free and are regarded by us only as hired servants, and that no one has any right to bring them into servitude again. At the same time we declare that we do not consider ourselves as released from any just claim which he or his wife or his offspring may have upon us according to custom, privilege or law in consequence of their having been slaves[1].
Cited in “Slavery in Kerala” by W. S. Hunt in Kerala Society Papers edited by K. K. Thankappan (Trivandrum: Kerala Gazatteers, 1997), 276.
സി.എസ്.ഐ ചര്‍ച്ചിന്റെ ഒരു വെബ്സൈറ്റ് പറയുന്നതു മണ്‍റോതുരുത്തിലെ അടിമകളെ മിഷണറിമാര്‍ പുനരധിവസിപ്പിച്ചു എന്നാണ്. ഒരുപക്ഷെ കേരളമണ്ണില്‍ നടന്ന ആദ്യ ഭൂപരിഷ്കരണം മിഷണറിമാര്‍ നടത്തിയതാണ് എന്നു പറയുവാന്‍ കഴിയും. മണ്ണിന്റെ നേരവകാശികള്‍ക്കു വിമോചനവും കൂര കെട്ടുവാന്‍ മണ്ണും. അടിമജാതികളുടെ കൂട്ടത്തോടെയുള്ള മതപരിവര്‍ത്തനത്തിലാണ് ഈ വിമോചനപ്രവര്‍ത്തനം അവസാനിച്ചത്.
മിഷണറിമാർ ആടുകളെ പിടിച്ചു; അടിമജാതികൾ അന്തസിനേയും
മിഷണറിമാര്‍ക്കു മതപരിവര്‍ത്തനം സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നെങ്കില്‍ അതിനു തയ്യാറാകുന്ന അടിമജീവിതം നയിച്ചവര്‍ക്ക് അതു വിമോചനത്തിലേക്കുള്ള വഴി ആയിരുന്നു. ഒരു പ്രവര്‍ത്തി ആയിരുന്നെങ്കിലും രണ്ടു വ്യത്യസ്തമായ വീക്ഷണങ്ങളാണ് ഇതില്‍ നിഴലിച്ചിരുന്നത്. അംബേദ്കര്‍ ഹിന്ദുമതം ഉപേക്ഷിച്ചു ബുദ്ധമതത്തിലേക്കു തന്റെ അനുയായികള്‍ക്കൊപ്പം പോയതിന് എത്രയോ പതിറ്റാണ്ടുകള്‍ മുന്നെയാണു തിരുവിതാംകൂറിലെ അടിമജാതികള്‍ തങ്ങളുടെ വിമോചനം എന്ന രാഷ്ട്രീയ ലക്ഷ്യത്തിനായി മിഷണറിമാരെ ഉപയോഗിച്ചതും.
1850കൾ മുതൽ ആംഗ്ലിക്കൻ സഭയിൽ ദളിതരുടെ അംഗസംഖ്യ വലിയ തോതിൽ കൂടാൻ തുടങ്ങി. ഇതു ചർച്ചിനെ ജാതി എന്ന വെല്ലുവിളിയെ അഭിസംബോധന ചെയ്യുവാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഇത് അടിമജാതിയിൽ പെട്ടവരെ അക്ഷരം പഠിപ്പിക്കുവാൻ മിഷണറിമാർക്ക് പ്രചോദനമായി. തുടർവിദ്യാഭ്യാസവും സ്കൂളുകളും കെട്ടിപ്പടുക്കുന്നതിലേക്കാണു മിഷണറിമാരെ ഇതു നയിച്ചത്.
സുറിയാനി ക്രിസ്ത്യാനികളും മറ്റും പിന്നോക്ക ജാതിക്കാരെ അകറ്റിനിർത്തുവാനുള്ള ഒരു പ്രധാനകാരണം അവരുടെ ജീവിതരീതികളിൽ നിറഞ്ഞുനിന്ന ശുചിത്വം ഇല്ലായ്മയും ഭക്ഷണരീതികളുമായിരുന്നു. മിഷണറി പ്രവർത്തനങ്ങൾ വൃത്തിയും വെടിപ്പുമുള്ള ചെറിയ കുടിലുകൾ കെട്ടുന്നതിനും ആരോഗ്യവും ശുചിത്വവും പരിപാലിക്കുന്നതിനും അവർക്കു മാതൃകയാവുകയും പരിശീലനം നൽകുകയും ചെയ്തു. ഇങ്ങനെ അടിമയാക്കപ്പെട്ട ജനതയെ സ്വതന്ത്രനും, അക്ഷരാഭ്യാസം നേടിയവനും, ആരോഗ്യ ശുചിത്വബോധമുള്ളവനുമാക്കുന്ന; മൃഗതുല്യനായ അടിമയെ മാനവനാക്കുന്ന പ്രക്രിയയ്ക്കുശേഷമാണ്, അയ്യങ്കാളിയും കുമാരഗുരുദേവനുമൊക്കെ ഉയർത്തുന്ന രാഷ്ട്രീയബോധമുള്ള ഒരു മനുഷ്യൻ അടിമത്വത്തിൽ നിന്നും ഉയർന്നു വന്നത്.
അപമാനവീകതയിൽ നിന്ന് ഒരു പുതിയ മനുഷ്യന്റെ ഉയർത്തെഴുനേല്പായിരുന്നു മിഷണറി പ്രവർത്തനം നടത്തിയത്. അക്ഷരവും ആരോഗ്യമുള്ള ചുറ്റുപാടും അവനെ രാഷ്ട്രീയമാനവനാക്കുന്നതിനുള്ള മുന്നുപാധികളായിരുന്നു.
ആദിവാസികളും ദളിതരും തങ്ങളുടെ വിമോചനത്തിന്റെ നേതൃത്വം എറ്റെടുത്തു പ്രക്ഷോഭങ്ങളുമായി വന്നതിനെ നവീകരണത്തിന്റെ മൂന്നാംഘട്ടം എന്നു വിളിക്കാം. അടിമത്വത്തില്‍ നിന്നുള്ള വിമോചനവും വിദ്യാഭ്യാസവും അവരെ സ്വയം സംഘടിക്കുവാന്‍ ശേഷിയുള്ളവരാക്കി മാറ്റിക്കൊണ്ടിരുന്നു.
ഭാഷയുടെ അടിസ്ഥാന തത്വങ്ങളും വിദ്യാഭ്യാസവും പ്രിന്റിംഗും ഒക്കെയാണു പൊതുവെ മിഷണറിമാരുടെ സംഭാവനകളായി എണ്ണാറുള്ളത്. എന്നാൽ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളും നേതാക്കളും നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളിലും മിഷണറിമാർ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
മാർത്തോമ്മ സഭയുടെ പിറവി
സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ നിലനിന്ന അനാചാരങ്ങൾക്കെതിരെ രൂപപ്പെട്ട പ്രസ്ഥാനമാണു മർത്തൊമ്മാ സഭ.
സഭാനേതൃത്വം പുരോഗമനപരമായ നിലപാട് എടുത്താലും സഭാംഗങ്ങൾക്കു പ്രതിലോമ രാഷ്ട്രീയത്തിന്റെ ഭാഗമായി തുടരുവാൻ കഴിയും എന്നതാണ് എല്ലാവിധ നവീകരണവും ഇന്നും നേരിടുന്ന വെല്ലുവിളി. സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ വിപ്ലവകരമായ നവീകരണത്തിനു വിധേയമായ മർത്തൊമ്മാ സഭയുടെ ഭാഗമായിരുന്ന ജന്മി കുടുംബത്തിന്റെ അടിയാളരുടെ മകനായിരുന്നു കുമാരൻ. മറ്റെല്ലാ അടിമക്കിടാത്തന്മാരെയും പോലെ ജ്ഞാനസ്നാനത്തിനു ശേഷം കുമാരൻ യോഹന്നാൻ ആയി. ഉടമയുടെ മാടുകളെ തീറ്റുകയും മണ്ണിൽ പണിയിൽ സഹായിക്കയും ചെയ്യലായിരുന്നു പണി. മിഷണറി പ്രസംഗങ്ങളിലൂടെ കേട്ട സുവിശേഷം പക്ഷെ യോഹന്നാനെ മിഷണറിമാരുടെ പിൻഗാമിയാക്കി.
നല്ല ഗാനരചയിതാവുകൂടെ ആയിരുന്ന യോഹന്നനെ മാറ്റിമറിച്ചത് ഒരു ദളിത് ക്രിസ്ത്യാനിയുടെ ശവമടക്കവുമായി ബന്ധപ്പെട്ട വഴക്കും ഒരു ദളിത് ക്രിസ്ത്യാനി സുറിയാനി ക്രിസ്ത്യാനി പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനു പള്ളി എതിരുനിന്നതുമായ സംഭവങ്ങളാണ്. തന്റെ അറിവിന്റെയും ജീവിതാനുഭവങ്ങളുടെയും വെളിച്ചത്തിൽ അദ്ദേഹം ബൈബിളിനെ തന്നെ ചോദ്യം ചെയ്തു.
വേദപുസ്തക രചയിതാക്കൾ റോമർക്കും കൊരിന്ത്യർക്കും കത്തെഴുതിയിട്ടുണ്ട്, എന്നാൽ ഇന്ത്യയിലെ ദളിതർക്ക് അതിൽ എവിടെയാണു സ്ഥാനം എന്ന ചോദ്യം അദ്ദേഹം ഉയർത്തി. തന്റെ സമൂഹത്തിന്റെ അടിമത്വത്തിന്റെയും വേദനയുടെയും രോഷാഗ്നിയിൽ ക്രിസ്തുമതത്തിൽ നിരവധി സഭകൾ മാറി അവഗണനകളുടെയും ജാതീയമായ വേർതിരിവുകളുടെയും മുന്നിൽ പൊള്ളിയ അദ്ദേഹം ഒടുവിൽ ക്രൈസ്തവ വിശ്വാസത്തെ തള്ളിപ്പറയുകയും ബൈബിൾ തന്റെ ജനങ്ങൾക്കു മുന്നിൽ കത്തിക്കയും ചെയ്തു.
പൊയ്കയിൽ അപ്പച്ചൻ പുറംജാതിക്കാരൻ (ജാതിവ്യവസ്ഥക്ക് പുറത്തുള്ളയാൾ എന്ന് അർഥം) ആയിരിക്കുമ്പൊഴും സുറിയാനി ക്രിസ്ത്യൻ സഭയുടെ ഭാഗമാവുകയും പിന്നീട് സുറിയാനി ക്രിസ്ത്യാനിയും ജാതിവ്യവസ്ഥയുടെ ഒപ്പമാണെന്ന തിരിച്ചറിവിലൂടെ ആ ബന്ധം വിച്ഛേദിക്കയും ചെയ്യുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ക്രൈസ്തവ അനുഭവങ്ങളും അടിമജാതി ജീവിതവും തന്റെ സമൂഹത്തെ മുന്നോട്ടുനയിക്കുവാനുള്ള പ്രേരണയാണു നൽകിയത്. നമ്മുടെ സാമൂഹിക രാഷ്ട്രീയ ചരിത്രകാരന്മാർ അർഹമായ പരിഗണ നൽകിയിരുന്നെങ്കിൽ കേരള പെരിയോർ എന്ന് വിളിക്കപ്പെടേണ്ട ആൾ ആയിരുന്നു പൊയ്കയിൽ കുമാരഗുരുദേവൻ എന്ന പൊയ്കയിൽ അപ്പച്ചൻ.
സ്ത്രീയും ശരീരവും
സ്ത്രീയുടെ ശരീരത്തിനുമേല്‍ അവള്‍ക്കുള്ള അവകാശം ഇന്നും ലോകത്തിന്റെ പലഭാഗത്തും ഒരു വലിയ ചോദ്യചിഹ്നമാണ്. അമേരിക്കയിലെ യാഥാസ്ഥിതിക വലതുപക്ഷം ഗര്‍ഭഛിദ്രത്തിനുള്ള അവകാശം തടയുവാന്‍ പറയുന്ന പ്രധാനകാരണങ്ങളിലൊന്ന് ഉള്ളില്‍ വളരുന്ന ബീജത്തിന്റെ ഭാവി തീരുമാനിക്കുവാന്‍ സ്ത്രീക്കല്ല, ഭരണകൂടത്തിനാണ് അവകാശം എന്നാണ്.
അബോര്‍ഷന്‍ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവര്‍ പറയുന്നതു സ്ത്രീയുടെ ശരീരത്തിനുമേല്‍ അവള്‍ക്കാണ് അവകാശം എന്നാണ്. തന്റെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍, ഒരു കുഞ്ഞ് വളരണോ വേണ്ടയോ എന്നതൊക്കെ തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കുമാത്രമാണ് എന്നതാണ് ആധുനികത മുന്നോട്ടുവച്ച കാഴ്ചപ്പാട്. എന്നാൽ പല സമൂഹങ്ങളിലും സ്ത്രീയുടെ ശരീരത്തിനുമേലുള്ള അവകാശം പലപ്പൊഴും സമൂഹത്തിനാണ്.
ചാന്നാർ ലഹള എന്ന മാറുമറയ്ക്കൽ സമരം
തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകളുടെ ശരീരത്തിനുമേല്‍ അവര്‍ക്ക് അവകാശം ഇല്ലായിരുന്നു. സ്ത്രീ മാറ് മറയ്ക്കണോ, വസ്ത്രം ധരിക്കണോ, മാലധരിക്കണോ, കമ്മല്‍ ധരിക്കണോ എന്നതടക്കം ഒരു സ്ത്രീയുടെ അവകാശങ്ങള്‍ തീരുമാനിച്ചിരുന്നതു ജാതി ആയിരുന്നു. കല്ലുകള്‍ കോര്‍ത്തുണ്ടാക്കുന്ന മാല, മിനുസമാര്‍ന്ന കുപ്പിച്ചില്ലു മാല, പളുങ്കു കോര്‍ത്തിണക്കിയ കല്ലമാല, ഒക്കെ ആയിരുന്നു അവര്‍ണ്ണ സ്ത്രീക്കു ധരിക്കാന്‍ പറഞ്ഞിരുന്ന ആഭരണം. മാറുമറയ്ക്കുവാന്‍ പാടില്ലാത്ത കാലത്തു നിരവധി കല്ലമാലകള്‍ ചേര്‍ത്തണിഞ്ഞായിരുന്നു മാറുമറച്ചിരുന്നത്. പുരുഷന്മാര്‍ ധരിക്കാന്‍ മുണ്ടുവാങ്ങിയാല്‍ ചേറില്‍ മുക്കി വെളുപ്പുമാറ്റി ധരിക്കാനെ അവര്‍ക്ക് അവകാശമുണ്ടായിരുന്നുള്ളു.
തിരുവിതാംകൂറിനു തെക്കു നടന്ന മാറുമറയ്ക്കല്‍ സമരം ചാന്നാര്‍ ലഹള എന്നാണ് അറിയപ്പെടുന്നത്. (കേരള നവോത്ഥാനവുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭങ്ങള്‍ എല്ലാം ലഹളയും കലാപവുമായി മുദ്ര കുത്തപ്പെടുന്നതും പഠിക്കേണ്ടതാണ്.) നീണ്ട മുപ്പത്തിയാറുവര്‍ഷത്തെ ചരിത്രമാണു മാറുമറയ്ക്കല്‍ സമരത്തിനുള്ളത്. ലണ്ടന്‍ മിഷന്‍ സൊസൈറ്റി (എല്‍.എം.എസ്) എന്ന മിഷണറി പ്രസ്ഥാനമായിരുന്നു സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഈ പ്രക്ഷോഭത്തിനു കാരണമായിത്തീര്‍ന്നത്.
എല്‍.എം.എസ് മിഷണറി പ്രസ്ഥാനം തിരുവനന്തപുരത്തു മിഷണറി പ്രവര്‍ത്തനം നടത്തുവാന്‍ അതിയായി ആഗ്രഹിച്ച് 1806ല്‍ ആദ്യ മിഷണറി വില്യം തോബിയാസ് റിങെല്‍ടുബെയുടെ നേതൃത്വത്തില്‍ നിരന്തരം പരിശ്രമിച്ചിരുന്നു. തിരുവനന്തപുരത്തിന്റെ അതിര്‍ത്തി ഗ്രാമമായ മൈലാടിയില്‍ ഒരു പള്ളിപണിയുവാന്‍ അനുവാദം 1809ല്‍ നേടിയെടുത്തു. തിരുവനന്തപുരം ആസ്ഥാനമാക്കുവാനുള്ള ശ്രമങ്ങളിലായിരുന്നു അദ്ദേഹം. എന്നാല്‍ അതു യാഥാര്‍ത്ഥ്യമായില്ല. അദ്ദേഹത്തിനു ശേഷം 1818ല്‍ വന്ന റവ. ചാള്‍സ് മീഡ് എന്ന മിഷണറിയുടെയും ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
തിരുവനന്തപുരം നഗരത്തിന്റെ അതിര്‍ത്തിക്കു പുറത്തുപോലും ഒരു മിഷണറിക്കു കയറുവാന്‍ അനുവാദം ലഭിച്ചിരുന്നില്ല. പത്മനാഭ നഗരിയായ തിരുവനന്തപുരം നഗരം പത്മനാഭ ക്ഷേത്രത്തിനു ചുറ്റുമായിട്ടായിരുന്നു നിര്‍മ്മിച്ചിരുന്നത്. ആ നഗരത്തിലേക്കു വരുന്ന വഴികള്‍ പോലും വിദേശികളും, കീഴ്ജാതിക്കാരും കയറി അശുദ്ധമാക്കരുതെന്നു പത്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട നമ്പൂതിരിമാരും ഉയര്‍ന്ന രാജകീയ പദവികളില്‍ ഇരുന്ന സവര്‍ണ്ണരും ആഗ്രഹിച്ചിരുന്നതിനാലാണു മിഷണറിമാര്‍ക്കു പ്രവേശനം നിഷേധിച്ചിരുന്നത്.
(ഇന്നത്തെ ഇന്ത്യയിലും തിരുപ്പതിപോലുളള ക്ഷേത്ര നഗരികളില്‍ അന്യമതസ്ഥര്‍ക്കു മതം പറയുവാന്‍ അനുവാദം ഇല്ല. ശബരിമലയുമായി ബന്ധപ്പെട്ടുപോലും പറയുന്നതു വിശ്വാസികള്‍ അല്ലാത്തവര്‍ക്കു പ്രവേശനം നിഷേധിക്കണം എന്നതാണ്).
1806 മുതല്‍ 1828 വരെ നിരന്തരം ശ്രമിച്ചിട്ടും തിരുവനന്തപുരം നഗരപരിധിക്കുള്ളില്‍ മിഷണറിമാര്‍ക്കു പ്രവേശനം സാധ്യമായില്ല. 1819ല്‍ ആദ്യ എല്‍.എം.എസ് മലയാളം മിഷന്‍ കൊല്ലത്തു തുടങ്ങി. 1827ല്‍ വില്യം മില്ലര്‍ എന്ന മിഷണറി തിരുവനന്തപുരത്തിനു പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ ദിവാന്‍ നഗരപരിധിക്കു പുറത്തുപോലും കടക്കരുത് എന്നാണു കല്പിച്ചത്. അങ്ങനെ നീണ്ട മുപ്പതു വര്‍ഷങ്ങള്‍ പരിശ്രമിച്ചിട്ടും തിരുവനന്തപുരം നഗരത്തിലേക്ക് ഒരു മിഷണറിക്കു കടക്കുവാന്‍ സാധിച്ചില്ല.
ഒരിക്കല്‍ സ്വാതിതിരുന്നാള്‍ നാഗര്‍കോവിലില്‍ റവ. ചാള്‍സ് മീഡ് സ്ഥാപിച്ച ഇംഗ്ലീഷ് മീഡിയം സ്കൂളും ബൈബിള്‍ പഠനകേന്ദ്രവും സന്ദര്‍ശിച്ചു. അദ്ദേഹം അവിടുത്തെ സ്കൂള്‍ കണ്ട് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ജോണ്‍ റോബര്‍ട്ട്സ് എന്ന എല്‍.എം.എസ് വിദ്യാഭ്യാസ പ്രവര്‍ത്തകനെ സ്കൂള്‍ തുടങ്ങുവാന്‍ തിരുവനന്തപുരത്തേക്കു ക്ഷണിച്ചു. ബൈബിള്‍ പഠിപ്പിക്കുവാന്‍ അനുമതി നല്‍കിയാല്‍ മാത്രമേ വരൂ എന്നു ജോണ്‍ റോബര്‍ട്ട്സ് നിര്‍ബന്ധം പിടിച്ചപ്പോഴാണ്, അതിനുളള അനുമതി കിട്ടുന്നത്.
1834ല്‍ ജോണ്‍ റോബര്‍ട്ട്സ് സൗജന്യ വിദ്യാഭ്യാസം തിരുവനന്തപുരത്തു തുടങ്ങി. 1835ല്‍ സ്വാതി തിരുന്നാള്‍ ആ സ്കൂള്‍ ഏറ്റെടുത്തു. വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ആയ ജോണ്‍ റോബര്‍ട്സിനു തിരുവനന്തപുരത്ത് സര്‍ക്കാര്‍ ചെലവില്‍ താമസവും മറ്റു സൗകര്യങ്ങളും ഒരുങ്ങി. പില്‍ക്കാലത്തു മഹാരാജാസ് കോളേജ് ആയി മാറിയത് ഈ സൗജന്യ സ്കൂളാണ്.
1838ലാണു മിഷണറിമാര്‍ക്കു തിരുവനന്തപുരം നഗരത്തില്‍ പ്രവേശനം അനുവദിക്കുന്നത്. രാജകുടുംബം താമസിക്കുന്ന കോട്ടയിലും രാജാവ് സഞ്ചരിക്കുന്ന വഴികളിലും, അമ്പലങ്ങളുടെ കാഴ്ചവട്ടത്തുപോലും എത്തരുത് എന്ന കര്‍ശന നിബന്ധനയോടുകൂടെയാണു മിഷണറിമാര്‍ക്കു തിരുവനന്തപുരം നഗരത്തില്‍ പ്രവേശനം അനുവദിക്കുന്നത്. ഈ കാലഘട്ടത്തിലാണു (1822) ചാന്നാര്‍ ലഹള തിരുവിതാംകൂറില്‍ പൊട്ടിപ്പുറപ്പെടുന്നതും.
എല്‍.എം.എസ് മിഷണറിമാര്‍ നടത്തുന്ന സ്കൂളില്‍ പഠിക്കാന്‍ പോയ കുട്ടികള്‍ മാറുമറച്ചതാണു സവര്‍ണ്ണരുടെ വികാരം വ്രണപ്പെടുവാന്‍ കാരണം. മാറുമറയ്ക്കുന്നതിനെതിരെ സവര്‍ണ്ണര്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ചാന്നാര്‍ സ്ത്രീകള്‍ റവ. ചാള്‍സ് മീഡ് എന്ന മിഷണറിയുടെ അടുത്തേക്കാണ് ഓടി എത്തുന്നത്. തിരുവിതാംകൂര്‍ ഭരണകൂടത്തിന്റെ പിന്തുണയോടുകൂടെ ചാന്നാര്‍ സ്ത്രീകള്‍ക്ക് എതിരെ നടന്ന ആക്രമണങ്ങളാണ് ലഹള എന്ന പേരില്‍ അറിയപ്പെടുന്നത്.
നാടാര്‍ സമുദായം ശപിക്കപ്പെട്ടവരാണെന്നു കരുതിയിരുന്ന കാലമായിരുന്നു അത്. ചാന്നാര്‍ (നാടാര്‍) ക്രിസ്ത്യാനികള്‍ കോടതികളില്‍ കയറുന്നതിന് അനുവാദം ഇല്ലാതിരുന്നതുകൊണ്ട് റവ. ചാള്‍സ് മീഡ് ഇതിനെ ചോദ്യം ചെയ്തു പത്മനാഭപുരം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ കോടതി ഈ കേസില്‍ നടപടി ഒന്നും എടുത്തില്ല.
അതേ സമയം അപകടം മനസ്സിലാക്കിയ നായര്‍ സമുദായം ചാന്നാര്‍ (നാടാര്‍) ക്രിസ്ത്യാനികള്‍ മേല്‍വസ്ത്രം ധരിക്കുന്നതിനു നികുതി നല്‍കുന്നില്ല എന്ന് അവര്‍ക്ക് എതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കൂടാതെ തുടര്‍ന്നു പ്രാചീനാചാരങ്ങളും നാട്ടുനടപ്പും ലംഘിക്കുന്നുവെന്ന് ആരോപിച്ച് മറ്റൊരു കേസ് കൂടെ കോടതിയില്‍ നല്‍കി. കോടതി ഇതു തടഞ്ഞുകൊണ്ട് വിധിയും പ്രഖ്യാപിച്ചു.
1829 ജനുവരിയില്‍ ലഹളയുടെ ഭാഗമായി മിഷണറി റവ. മീഡിന്റെ വീടു വളഞ്ഞ് അദ്ദേഹത്തെ വധിക്കാന്‍ സവര്‍ണ്ണലഹളക്കാര്‍ പരിപാടിയിടുകയും വിവരം അറിഞ്ഞു തീരദേശത്തുള്ള മുക്കുവര്‍ കൂട്ടമായെത്തി രാത്രിമുഴുവന്‍ കാവല്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കുകയും ഉണ്ടായി.
ഭരണകൂടത്തിനും കോടതിക്കും മുന്നില്‍ മിഷണറിമാര്‍ നിരന്തരം നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടുകൂടെയാണു തിരുവിതാംകൂറില്‍ നടന്ന ഐതിഹാസികമായ മാറുമറയ്ക്കല്‍ പ്രക്ഷോഭം വിജയിക്കുന്നത്. വൈസ്രോയ്ക്കും, മദ്രാസ് ഗവര്‍ണര്‍ക്കും മറ്റും നല്‍കിയ നിവേദനങ്ങളാണു തിരുവിതാംകൂര്‍ രാജാവിനെക്കൊണ്ട് ആചാരങ്ങളില്‍ മാറ്റം വരുത്തുവാന്‍ ദിവാനെയും വൈസ്രോയിയുമൊക്കെ സ്വാധീനിച്ചത്.
പള്ളിക്കൂടങ്ങൾ അന്നേ അഭയകേന്ദ്രങ്ങൾ
അയ്യങ്കാളി നടത്തിയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന്റെ പേരിലും കല്ലുമാലയും മറ്റും ഉപേക്ഷിച്ചതിന്റെ പേരില്‍ അവര്‍ണര്‍ ആക്രമിക്കപ്പെടുകയും വീടുകളും മറ്റും തീവച്ചു നശിപ്പിക്കുമ്പൊള്‍ മിഷണറിമാര്‍ നടത്തുന്ന സ്കൂളുകളായിരുന്നു ദളിത് വിഭാഗങ്ങളുടെ ആശയകേന്ദ്രം. പെരിനാട് കലാപത്തില്‍ വീടും കുടിയും നഷ്ടപ്പെട്ടവര്‍ക്ക് ആശ്രയമായതു സ്കൂളുകളായിരുന്നു.
ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് ഒപ്പം ജീവിച്ച അവരുടെ ജീവിത പങ്കാളികളും ഈ പോരാട്ടത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. റവ. തോമസ് നോര്‍ട്ടന്റെ ഭാര്യ ആനി നോര്‍ട്ടന്‍ പെണ്‍കുട്ടികള്‍ക്കായി ബോര്‍ഡിംഗ് സ്കൂള്‍ ആരംഭിച്ചു. പഠനത്തിനൊപ്പം കൈത്തൊഴില്‍ പരിശീലന കേന്ദ്രം കൂടെ ആയിരുന്നു ഈ സ്കൂള്‍. തയ്യലും തുന്നലും ഒരു വ്യവസായമായി വളര്‍ത്തിയെടുക്കുവാന്‍ ഇവര്‍ക്കു കഴിഞ്ഞു. കേരളത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനു അടിസ്ഥാനമിട്ടതും മിഷനറിമാരാണ്. ബുക് ബൈന്റിഗ്, പ്രിന്റിംഗ്, പേപ്പര്‍ നിര്‍മ്മാണം, നെയ്ത്ത്, പട്ടുനൂല്‍ പുഴു വളര്‍ത്തല്‍ എന്നിങ്ങനെ നിരവധി തൊഴില്‍ പരിശീലന കേന്ദ്രങ്ങളും കേരളത്തില്‍ മിഷണറിമാര്‍ ആരംഭിക്കയും സമൂഹത്തിലെ ദരിദ്രരരെയും പിന്നോക്കകാരെയും സാമ്പത്തികമായും തൊഴിൽപരമായും കൂടെ കൈപിടിച്ച് ഉയര്‍ത്തിയാണ് അടിമത്വത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും വിമോചിപ്പിച്ചത്.
വിമോചിക്കപ്പെട്ട കീഴ്ജാതിക്കാരനു സാമൂഹികമായും സാമ്പത്തികമായും നിലനില്പിനു ആവശ്യമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും തൊഴിലും നല്‍കുന്നതില്‍ ബാസല്‍ മിഷന്‍ മിഷണറിമാര്‍ നടത്തിയ പ്രവര്‍ത്തനം എടുത്തുപറയേണ്ടതാണ്. സര്‍ക്കാരില്‍ നിന്നും മറ്റുളളവരില്‍ നിന്നും കൃഷിഭൂമി വാങ്ങി കൃഷിക്കാരാക്കിമാറ്റി, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി അതിനായി മിഷന്‍ ടേഡിംഗ് കമ്പനി രൂപികരിച്ചു. ഓടു നിര്‍മ്മാണം, കൊല്ലപ്പണി, വാച്ച് നിര്‍മ്മാണം, നെയ്ത്ത് സ്ഥാപനങ്ങള്‍ ആരംഭിച്ചു. ബാസല്‍ മിഷന്റെ ഓട്ടുകമ്പനി മലബാറില്‍ നിരവധി സ്ഥലങ്ങളില്‍ ഉണ്ടായിരുന്നു. ആയിരക്കണക്കിനു ആളുകളെയാണ് ബാസല്‍ മിഷന്‍ തൊഴില്‍ നല്‍കി പുനരധിവസിപ്പിച്ചത്.
നവോത്ഥാനത്തിന്റെ ഒന്നും രണ്ടൂം കാലഘട്ടം എന്നതു യാതനാപൂര്‍വ്വമായ മിഷണറി പ്രവര്‍ത്തനത്തിന്റെതാണ്. മത പരിവര്‍ത്തനം നടത്തി സ്വന്തം മതത്തിലേക്ക് ആളെകൂട്ടുവാന്‍ ലോകം മുഴുവന്‍ ക്രിസ്തുവിന്റെ അനുയായികളായി ഇറങ്ങിപോയ മിഷണറിമാര്‍ക്കു ചെന്നിടത്തൊക്കെ സാമൂഹിക വ്യവസ്ഥിതിയോട് ഏറ്റുമുട്ടുകയും മാറ്റങ്ങള്‍ക്കു വേണ്ടി മുന്നിട്ടിറങ്ങുവാനുമാണു നിയോഗം ലഭിച്ചത്. പലയിടത്തും മതപരിവര്‍ത്തനം എന്ന അജണ്ട മാറ്റിവച്ച് സാമൂഹിക പരിഷ്കരണം എന്ന രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായി.
അടിമത്വവും അനാചാരങ്ങളും പട്ടിണിയും, ജാതിവ്യവസ്ഥയും ഒക്കെ നിറഞ്ഞ ലോകം മിഷണറിമാരെയും നവീകരിക്കയായിരുന്നു. മത, വിശ്വാസ അജണ്ടകള്‍ മാറ്റിവച്ച് യാഥാര്‍ഥ്യബോധത്തൊടുകൂടെ കണ്മുന്നിലുളള ലോകത്തോട് പൊരുതുവാന്‍ അവര്‍ക്കു തങ്ങളെതന്നെ നവീകരിച്ച് ഇറക്കേണ്ടി വന്നു. സാഹസികമായ കപ്പല്‍ യാത്രകളുടെയും കൊടും യാതനകളുടെയും, ഉറ്റവരെ ഉപേക്ഷിച്ച് അന്യനാട്ടിലേക്കു കപ്പല്‍ കയറിയതിന്റെയും ഒക്കെ പീഡകള്‍ ഉളളിലൊതുക്കി പത്തൊമ്പതാം നൂറ്റാണ്ടിന്റെ കൂരിരുട്ടില്‍ അവര്‍ മാനവികതയുടെ വഴികള്‍ തേടി ലോകത്തെ കൂടുതല്‍ പ്രകാശമുളളതാക്കി മാറ്റി. പുതിയൊരു ലോകം സാധ്യമാണെന്ന് അവര്‍ തെളീയിച്ചു. പോരാട്ടത്തിന്റെ പുത്തന്‍ വഴികള്‍ വെട്ടിതുറന്നു.
പൊയ്കയില്‍ അപ്പച്ചനും, അയ്യങ്കാളിയും, നാരായണ ഗുരുവും നിരവധി പേരുകളില്ലാത്ത മനുഷ്യരും മാറുമറയ്ക്കാന്‍ അര്‍ഹതയില്ലാതിരുന്ന സ്ത്രീകളും ആ ചരിത്രപാത കൂടുതല്‍ മുന്നിലേക്ക്, കൂടുതല്‍ ദൂരത്തിലേക്ക് വെട്ടിത്തുറന്നു. രാജഭരണം അസ്തമിച്ച് ജനാധിപത്യം പുതിയവെളിച്ചമായി കടന്നുവന്നെങ്കിലും പഴയ രാജകിങ്കരന്മാര്‍ ഇന്നും കിരാതമായ ഇന്നലെകളിലേക്ക് ലോകത്തെ തിരിച്ചുവിടുവാന്‍ അസ്വാതന്ത്ര്യത്തിന്റെ വേലികള്‍ ഉയര്‍ത്തി ശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ തിരിച്ചുപോക്ക് അസാധ്യമാണെന്നു പുതിയപോരാട്ടങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു.